ഷാർജയില്‍ ബഹിരാകാശ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം വരുന്നു
ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നു. ഷാർജ സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ കേന്ദ്രം പ്രവർത്തിക്കുക. യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
'ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി കോംപ്ലക്സ്' എന്ന പേരിലായിരിക്കും ഈ സ്ഥാപനം അറിയപ്പെടുക. നിലവിലുള്ള ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജിയിലെ മുഴുവൻ ജീവനക്കാരെയും ആസ്‌തികളെയും പുതിയ കോംപ്ലക്സിലേക്ക് മാറ്റാൻ ഉത്തരവിൽ നിർദേശമുണ്ട്. ഇതോടെ അക്കാദമിയുടെ പ്രവർത്തനങ്ങൾ പുതിയ ഭരണസംവിധാനത്തിന് കീഴിലാകും. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, ഭരണം, മറ്റ് കാര്യങ്ങൾ എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ഷാർജ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കൈക്കൊള്ളും. ഷാർജ ഉപ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ഷാർജ യൂണിവേഴ്‌സിറ്റി പ്രസിഡന്റ്. യുഎഇയുടെ ബഹിരാകാശ ഗവേഷണ മേഖലയെ ആഗോള നിവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Post a Comment
0 Comments