യുഎഇയിൽ സ്വകാര്യ ചാറ്റുകൾക്കും സൈബർ നിയമം ബാധകം, കുറ്റകൃത്യങ്ങൾക്ക് 5 ലക്ഷം ദിർഹം വരെ പിഴ
യുഎഇയിൽ സ്വകാര്യ ചാറ്റുകൾക്കും സൈബർ നിയമം ബാധകം, കുറ്റകൃത്യങ്ങൾക്ക് 5 ലക്ഷം ദിർഹം വരെ പിഴ
വാട്സാപ്പിലെ സ്വകാര്യ ചാറ്റുകളും ഫാമിലി-സ്കൂൾ ഗ്രൂപ്പുകളും യുഎഇ സൈബർ നിയമങ്ങൾക്കും നിരീക്ഷണങ്ങൾക്കും പുറത്തല്ലെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. തെറ്റായ വിവരങ്ങളോ അനുമതിയില്ലാത്ത ചിത്രങ്ങളോ കൈമാറുന്നത് അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ സംഭാഷണങ്ങള്‍ പങ്കുവെക്കുന്നതോ സ്‌ക്രീന്‍ഷോട്ടുകള്‍ കൈമാറുന്നതോ സ്വകാര്യതാ ലംഘനമാണ്. ഇത് സൈബർ കുറ്റകൃത്യമായി കണക്കാക്കും.
യുഎഇ സൈബര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 52 പ്രകാരം, നിയമവിരുദ്ധമായ ഉള്ളടക്കം പുനഃപ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്. അതായത്, ഒരു സന്ദേശം നമ്മൾ സ്വയം തയ്യാറാക്കിയതല്ലെങ്കില്‍ പോലും അത് മറ്റൊരാള്‍ക്കോ ഗ്രൂപ്പിലോ ഫോര്‍വേഡ് ചെയ്യുന്നത് വഴി അത് പങ്കുവെക്കുന്ന ആൾ കൂടി ആ കുറ്റകൃത്യത്തിന്റെ ഭാഗമാകുന്നു. ഗ്രൂപ്പുകളില്‍ നിയമവിരുദ്ധമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അഡ്മിന്‍മാര്‍ അത് ഉടന്‍ നീക്കം ചെയ്യണം. ഇത്തരം സന്ദേശങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അഡ്മിന്‍മാരെയും നിയമക്കുരുക്കിലാക്കാം.
പ്രകോപനപരമായതോ തെറ്റായതോ ആയ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അവ ഡിലീറ്റ് ചെയ്യണമെന്നും ഇത്തരം ഗ്രൂപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് സുരക്ഷിതമെന്നും നിയമവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് 2.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണ് സാധാരണ പിഴ. ചില കേസുകളില്‍ തടവുശിക്ഷയും ലഭിക്കാം. അധികൃതർ സ്ഥിരീകരിക്കാത്ത വാർത്തകൾ, വീഡിയോകൾ എന്നിവ കൈമാറരുതെന്നും മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രകോപനപരമായ സന്ദേശങ്ങൾ ലഭിച്ചാൽ അവ ഡിലീറ്റ് ചെയ്യുകയാണ് സുരക്ഷിതമായ മാർഗമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

Post a Comment
0 Comments