പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വിരാമം, അഞ്ച് മണിക്ക് കലാശക്കൊട്ട്
കേരളം വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. ആവേശകരമായ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വിരാമം, അഞ്ച് മണിക്കാണ് കലാശക്കൊട്ട്. മൂന്ന് മുന്നണികളും ചേര്‍ന്ന് നാടും നഗരവും ഇളക്കി മറിക്കുന്ന കാഴ്ചയാണ് വൈകുന്നേരത്തോടെ കാണാനാവുക.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിക്കുകയാണ് പ്രമുഖ പ്രീ-പോൾ സർവേകൾ. രണ്ട് വട്ടം തുടർച്ചയായി അധികാരത്തിലിരുന്ന പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 140 മണ്ഡലങ്ങളിലായി 89,693 പേരിൽ നടത്തിയ മനോരമ ന്യൂസ്-സി വോട്ടർ മെഗാ സർവേ പ്രകാരം യു.ഡി.എഫ് 69 മുതൽ 81 വരെ സീറ്റുകൾ നേടും. എൽ.ഡി.എഫ് 57 മുതൽ 69 വരെ സീറ്റാണ് ലഭിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ ഒതുങ്ങിയ ബിജെപി നയിക്കുന്ന എൻഡിഎ ഇത്തവണ ഒന്നു മുതൽ അഞ്ച് വരെ സീറ്റുകൾ നേടി കരുത്ത് കാട്ടുമെന്നും സർവേ പ്രവചിക്കുന്നു. 2025 ഡിസംബർ മുതൽ 2026 മാർച്ച് 26 വരെയാണ് ഈ സർവേ നടന്നത്.
മറ്റൊരു പ്രമുഖ സർവേയായ ലോക് പോൾ റിപ്പോർട്ടും യുഡിഎഫിന് അനുകൂലമായ ഫലമാണ് നൽകുന്നത്. 77 മുതൽ 81 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കാമെന്ന് ലോക് പോൾ പ്രവചിക്കുമ്പോൾ എൽഡിഎഫ് 58-62 സീറ്റുകളിലൊതുങ്ങുമെന്നാണ് ഇവരുടെ വിലയിരുത്തൽ. എൻഡിഎയുടെ വോട്ട് വിഹിതം 14 മുതൽ 16 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും ഇത് പല മണ്ഡലങ്ങളിലും നിർണ്ണായകമാകുമെന്നും സർവേ സൂചിപ്പിക്കുന്നു.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫിന് അനുകൂലമായി വൻ തരംഗമാണെന്ന് സർവേകൾ പറയുന്നു. മലപ്പുറം ജില്ലയിൽ 14 മുതൽ 16 വരെ സീറ്റുകൾ നേടി യുഡിഎഫ് ആധിപത്യം ഉറപ്പിക്കുമെന്നും വയനാട്ടിലും സ്ഥിതി വ്യത്യസ്തമാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കണ്ണൂരിലും കാസർകോടും എൽഡിഎഫിന് കാര്യമായ പരിക്കുകൾ ഉണ്ടാവില്ല. മധ്യകേരളത്തിലെ 53 സീറ്റുകളിൽ 33 എണ്ണവും യുഡിഎഫ് നേടുമെന്നാണ് സി വോട്ടർ സർവേയുടെ വിലയിരുത്തൽ. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫ് തരംഗം പ്രകടമാണ്. തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും എൽഡിഎഫ് ആധിപത്യം തുടരുമെങ്കിലും കൊല്ലത്തും പത്തനംതിട്ടയിലും യുഡിഎഫ് കടുത്ത പോരാട്ടം കാഴ്ചവെക്കുന്നു.
നേമം, തൃശൂർ, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നു. ബിജെപിയുടെ വോട്ട് വർദ്ധനവ് പല മണ്ഡലങ്ങളിലും മറ്റ് മുന്നണികളെ ബാധിച്ചേക്കാം.
മറ്റന്നാള്‍ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ജനവിധി ആർക്കൊപ്പമാകുമെന്ന് അറിയാൻ മെയ് നാല് വരെ കാത്തിരിക്കണം.
അതേസമയം, ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇത്തവണ മുന്നണികള്‍ നടത്തിയത്. വീട് കയറി ഇറങ്ങിയും, റോഡ് ഷോകള്‍ നടത്തിയും, മെഗാ ഇവന്റ്കള്‍ സംഘടിപ്പിച്ചും വോട്ടര്‍മാരുമായി സംവാദിച്ചു മുന്നണികള്‍. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് വേണ്ടി സംഘടിപ്പിച്ച ജനകീയ മാര്‍ച്ച് ഉജ്വലമായി. പാതിരാവിലും പതിനായിരങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നു.

Post a Comment
0 Comments