ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് ജീവനൊടുക്കി യുവതി: സംഭവം വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ
കാസർകോട് പാണലത്ത് യുവതി ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്‌തു. ചർളടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് സുഫൈദ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ വിദ്യാനഗർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
കുടുംബം നൽകിയ സ്വർണാഭരണങ്ങളും മഹറായി ലഭിച്ച മാലയും ആവശ്യപ്പെട്ട് ഭർത്താവ് സുഫൈദയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസവും സ്വർണത്തെച്ചൊല്ലി ഭർതൃവീട്ടിൽ വലിയ തർക്കം നടന്നിരുന്നു. ക്രൂരമായ മർദനത്തിന് ഇരയായ സുഫൈദ വിവരം പുറത്തറിയിക്കാതിരിക്കാൻ ഭർത്താവ് ഫോൺ എറിഞ്ഞുപൊട്ടിച്ചതായും ബന്ധുക്കൾ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കടുത്ത മാനസികവിഷമത്തിലായ യുവതി ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കുടിച്ചത്.
ആസിഡ് കുടിച്ച് പ്രാണവേദനയാൽ പിടഞ്ഞ സമയത്തുപോലും സുഫൈദയെ ആശുപത്രിയിലെത്തിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 'നീ ഇതിനെല്ലാം അനുഭവിക്കും' എന്ന് പറഞ്ഞ് അവർ മാറിനിൽക്കുകയാണ് ചെയ്‌തതെന്നും, സാധാരണ ദമ്പതികൾ തമ്മിലുള്ള ചെറിയ പിണക്കങ്ങൾ മാത്രമാണെന്നാണ് തങ്ങൾ കരുതിയിരുന്നതെന്നും ഇത്രയും ക്രൂരമായ പീഡനങ്ങളാണ് സുഫൈദ അനുഭവിച്ചിരുന്നതെന്ന് അറിഞ്ഞില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത വിദ്യാനഗർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാസർകോട് മിംസ് ആശുപത്രിയിൽ ആർഡിഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തി.

Post a Comment
0 Comments