സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രത്യേക സംവിധാനം ഒരുക്കും: മുഖ്യമന്ത്രി

[] അതിവേഗ ട്രെയിൻ പദ്ധതി വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു, എന്നാൽ ഇത് പൂർണ്ണമല്ല. സർക്കാര്‍ ഇതിൽ വിശദമായ പഠനം നടത്തും 
[] പിഎം ശ്രീ തീരുമാനം: അടുത്തയാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍

സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം വേഗത്തിലാക്കാൻ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വീഡി സതീശന്‍. ഓരോ വകുപ്പുകളിലെയും പദ്ധതികള്‍, പദ്ധതി പുരോഗതികള്‍, നിര്‍മ്മാണ ഘട്ടങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സെക്രട്ടറിയേറ്റില്‍ വെച്ച് തന്നെ മനസ്സിലാക്കാന്‍ പറ്റും വിധത്തില്‍ ആയിരിക്കും ഈ ഏകോപനം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പത്മ പുരസ്ക‌ാരത്തിന് പരിഗണിക്കാന്‍ സർക്കാർ നാമനിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അതിവേഗ ട്രെയിൻ പദ്ധതിക്ക് വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇത് പൂർണമായ റിപ്പോർട്ട് അല്ല. സർക്കാരിന് ഇതിൽ വിശദമായ പഠനം നടത്തണം. അതിന് ശേഷമേ ഡിപിആർ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ. നിലവിൽ ലഭിച്ച പ്രൊജക്റ്റ് നല്ല ഒരു ഇക്കണോമിക് മോഡൽ അല്ല. റിപ്പോർട്ട് അപൂർണം എന്നാണ് സമിതിയുടെ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു

പിഎം ശ്രീയിൽ തീരുമാനം ഉടനെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ആഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗം പിഎം ശ്രീ പരിഗണിക്കും. ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചതിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സർക്കാരിന് മുന്നിൽ വന്നിട്ടില്ല. റിപ്പോർട്ട് ഇപ്പോഴും ഡിജിപിക്ക് മുന്നിൽ എത്തിയിട്ടില്ല. എത്തിയാൽ മാത്രമേ നടപടി എടുക്കാൻ പറ്റൂ. അതിൻ്റെ നടപടികൾ പൂർത്തിയാകണം. വാർത്ത കണ്ട് നടപടി എടുത്താൽ കുറ്റാരോപിതർ കോടതിയിൽ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിനായി പ്രവർത്തിച്ചവരെയും പോഷക സംഘടനക്കാരെയും സർക്കാർ നിയമനങ്ങളിൽ ആവശ്യമായ രീതിയിൽ പരിഗണിക്കുന്നില്ലെന്ന തരത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉയർത്തിയ പരാതി തള്ളി മുഖ്യമന്ത്രി. അലോഷ്യസിന്റെ പരാതി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ പറഞ്ഞു. ആർഎസ്എസുകാരനെ സർക്കാർ പ്ലീഡറായി നിയമിച്ചെന്ന ആക്ഷേപത്തിൽ കെഎസ്‌യു ഉയർത്തിയ പ്രതിഷേധവും അദ്ദേഹം തള്ളി. സർക്കാർ പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു  കമ്മിറ്റിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലീഡർ നിയമനത്തിൽ ഒരാൾ കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യു, മറ്റൊരാൾ ബിജെപി എന്നാണ് പരാതി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നൽകിയ ലിസ്റ്റിൽ ഈ രണ്ട് പേരും ഉണ്ടായിരുന്നു. രണ്ട് പേരും ഈ സംഘടനയിൽ അംഗങ്ങൾ ആണ്. അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് എജിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നിയമനം. എന്നോട് കെഎസ്‌യു നേതാക്കൾ ആരും പരാതി പറഞ്ഞിട്ടില്ല. കെഎസ്‌യു യൂണിറ്റ് കമ്മിറ്റി ആണോ പ്ലീഡറെ നിയമിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

Post a Comment

0 Comments