യുഎഇയിലെ പാസ്പോർട്ട് സേവനം: അൽഹിന്ദിന്റെ കരാർ റദ്ദാക്കി, ബിഎൽഎസിന് തല്‍കാലം തുടരാം


യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) സേവനങ്ങൾ നൽകുന്നതിനായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. അൽഹിന്ദിന് കരാർ ലഭിക്കാൻ കാരണമായ സാങ്കേതിക മൂല്യനിർണ്ണയം കോടതി റദ്ദാക്കുകയും പുതിയ ടെൻഡർ വിളിക്കാൻ ഉത്തരവിടുകയും ചെയ്തു.

നേരത്തെ യു.എ.ഇയിലെ സേവന ദാതാക്കളായിരുന്ന ബി.എൽ.എസ് ഇൻ്റർനാഷണൽ, എസ്.ജി.ഐ.വി.എസ് ഗ്ലോബൽ എന്നിവരുടെ കാലാവധി ജൂൺ 30-ഓടെ അവസാനിച്ചിരുന്നു. തുടർന്നാണ് അൽഹിന്ദിനെ പുതിയ കരാറുകാരായി തെരഞ്ഞെടുത്തത്. എന്നാൽ, ടെൻഡർ പ്രക്രിയയിൽ പങ്കെടുത്ത മറ്റ് രണ്ട് കമ്പനികൾ തങ്ങളെ അയോഗ്യരാക്കിയതിൻ്റെ കാരണം വ്യക്തമാക്കിയില്ലെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
ഹർജി പരിഗണിച്ച ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച വിധിയിലാണ് അൽഹിന്ദിന്റെ ടെൻഡർ നടപടികൾ റദ്ദാക്കിയത്. കൂടാതെ, നിലവിലുള്ള സേവനദാതാക്കൾക്ക് താൽക്കാലികമായി ഈ ചുമതലകളിൽ തുടരാൻ അനുമതി നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments