ഓപറേഷൻ താമരക്ക് മൂക്കുകയര്‍ ഇടും! കപില്‍ സിബല്‍ സുപ്രീം കോടതിയിൽ നിയമയുദ്ധത്തിന്

ജനപ്രതിനിധികളെ ചാക്കിട്ട് പിടിച്ച് പാർട്ടി പിളർത്തുന്ന 'ഓപറേഷൻ താമര' ഗൂഢ പദ്ധതിക്കെതിരെ ചടുല നീക്കവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ. രാഷ്ട്രീയ പാർട്ടികളുടെ ലയനമെന്ന സാങ്കേതിക മറപിടിച്ച് ജനപ്രതിനിധികൾ കൂറുമാറുന്നതും പാർലമെൻ്റിന്റെയും നിയമസഭകളുടെയും ഘടന മാറ്റിയെഴുതുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് കപില്‍ സിബൽ സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ പത്താം പട്ടികയിലെ കൂറുമാറ്റ നിരോധന നിയമത്തെ നിലവിലെ ലയന വ്യവസ്ഥകൾ പൂർണമായും ദുർബലപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റിട്ട് ഹരജി സമർപ്പിച്ചത്.

ആം ആദ്‌മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ശിവസേന (ഉദ്ദവ് പക്ഷം) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽനിന്ന് അടുത്തിടെ ജനപ്രതിനിധികൾ കൂട്ടത്തോടെ ബിജെപിയിലേക്കും എൻഡിഎ പക്ഷത്തേക്കും ചേക്കേറിയിരുന്നു. മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾക്കു മുന്നോടിയായി ബിജെപി നടത്തുന്ന ഓപറേഷന്റെ ഭാഗമാണ് ഈ കൂറുമാറ്റങ്ങളെന്ന് വിമർശനം ഉയരുന്നതിനിടെയാണ് കപിൽ സിബലിൻ്റെ നിയമപോരാട്ടം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ വിഷയം അടിയന്തരമായി ഉന്നയിച്ച സിബൽ, ഈ പ്രവണത തുടർന്നാൽ ഭരണഘടനയുടെ പത്താം പട്ടിക കേവലം അർത്ഥശൂന്യമായ ഒരു രേഖയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി. ഹരജി അടിയന്തരമായി വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Post a Comment

0 Comments