ദുബൈ മെട്രോ ബ്ലൂ ലൈൻ ടണലിംഗിന്റെ ആദ്യ ഘട്ടം ഇരട്ടി വേഗത്തിൽ പൂർത്തിയാക്കിയതായി ദുബൈ RTA
വീണ്ടും ദുബൈ വിസ്മയം! അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും സ്മാർട്ട് എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയും സംഗമിച്ചതോടെ ദുബൈ മെട്രോ ബ്ലൂ ലൈൻ ടണലിംഗിന്റെ ആദ്യ ഘട്ടം ഇരട്ടി വേഗത്തിൽ പൂർത്തിയാക്കിയതായി ദുബൈ RTA. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയുടെ
നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് രണ്ട് മാസം തികയും മുമ്പാണ് ഈ ചരിത്ര നേട്ടം.
രണ്ടു പതിറ്റാണ്ട് മുൻപ് 2007ൽ ദുബൈ മെട്രോയുടെ ആദ്യ തുരങ്കങ്ങൾ നിർമ്മിച്ച സമയത്തെ അപേക്ഷിച്ച് ഖനന വേഗത ഇപ്പോൾ ഇരട്ടിയിലധികമായി വർദ്ധിച്ചു. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും സ്മാർട്ട് എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചതാണ് ഇതിന് സഹായകരമായത്. അന്ന്, 2007ൽ ആദ്യമായി ടണൽ ബോറിങ് മെഷീനുകൾ ഉപയോഗിച്ചപ്പോൾ പ്രതിദിനം ശരാശരി 12 മീറ്റർ മാത്രമായിരുന്നു ഖനന വേഗത. എന്നാൽ ഇന്ന് 'അൽ വുഗൈഷ' എന്ന പുതിയ തലമുറയിലെ അത്യാധുനിക യന്ത്രം ഉപയോഗിച്ചപ്പോൾ പ്രതിദിന ഖനന ശേഷി 30 മീറ്ററായി ഉയർന്നു. 2007-ൽ ഏഴ് മാസമെടുത്ത പ്രവൃത്തിയാണ് ഇപ്പോൾ രണ്ട് മാസം കൊണ്ട് പൂർത്തിയായത്.
ഏകദേശം 2,000 ടൺ ഭാരവും 163 മീറ്റർ നീളവുമുള്ള ഭീമാകാരമായ ടണൽ ബോറിങ് മെഷീനാണ് അൽ വുഗൈഷ. ഡിജിറ്റൽ ഗൈഡൻസ്, തത്സമയ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയടങ്ങിയ ഈ സ്‌മാർട്ട് എഞ്ചിനീയറിംഗ് യന്ത്രം കേവലം ഒരു തുരങ്കം തുരക്കുന്ന യന്ത്രം എന്നതിനപ്പുറം അതീവ കൃത്യതയോടെ ഭൂഗർഭ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ളതുമാണ്.

Post a Comment
0 Comments